എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ?

എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ?

മനുഷ്യരെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യന്ത്രങ്ങളെക്കുറിച്ച് കഥകളിലൂടെയും സിനിമകളിലൂടെയും ഒരുപാട് നമ്മൾ കേട്ടിട്ടുണ്ടാകും. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ റോബോട്ടും മാർവലിലെ Iron man ന്റെ സ്വന്തം ജാർവിസും എല്ലാം അതിനുദാഹരണങ്ങളാണ്. മുൻപ് ഇതെല്ലാം വെറും കെട്ടുകഥകൾ ആയിരുന്നെങ്കിൽ ഇതാ, ഇന്ന് അത്തരം കഥകൾ യാഥാർത്ഥ്യമാകുകയാണ്! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന മാന്ത്രിക ലോകത്തേക്ക് സ്വാഗതം!

ഒരു പക്ഷേ "AI" എന്നു കേൾക്കുമ്പോൾ സിനിമകളിലെ വലിയ റോബോട്ടുകളും ലോകം കീഴടക്കുന്ന യന്ത്രങ്ങളുമാകും നിങ്ങളുടെ മനസ്സിൽ തെളിയുക. പക്ഷേ, ഒറ്റവാക്കിൽ പറഞ്ഞാൽ, നമ്മുടെ ജീവിതം എളുപ്പമാക്കാനും മെച്ചപ്പെടുത്താനും പ്രാപ്തിയുള്ള സാങ്കേതികവിദ്യയാണ് AI. അതായത്, നമ്മെപ്പോലെ ചിന്തിക്കാനും പഠിക്കാനും തീരുമാനങ്ങളെടുക്കാനും കഴിവുള്ള യന്ത്രങ്ങൾ.

AI യെ ആർട്ടിഫിഷ്യൽ നാരോ ഇന്റലിജൻസ് (ANI) എന്നും ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) എന്നും ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസ്(ASI) എന്നും 3 ആയി തരംതിരിക്കാം. അവയെക്കുറിച്ച് മനസ്സിലാക്കാൻ "മൂന്ന് കൂട്ടുകാർ" എന്നൊരു കഥ കേൾക്കാം.

ആദ്യത്തെ കൂട്ടുകാരൻ: ചെറിയ പട്ടിയുടെ കുസൃതികളുള്ള "അനി" (Narrow AI). ചിത്രങ്ങളിലെ മുഖങ്ങൾ തിരിച്ചറിയുക, നിങ്ങളുടെ സംസാരം മനസ്സിലാക്കി മറുപടി പറയുക, നിങ്ങളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി നിങ്ങൾക് സിനിമകൾ അല്ലെങ്കിൽ യൂട്യൂബ് വിഡിയോകൾ നൽകുക തുടങ്ങിയ കാര്യങ്ങൾ അനിക്ക് വളരെ എളുപ്പമാണ്. നിങ്ങളുടെ ഫോണിലെ വോയ്സ് അസിസ്റ്റന്റ്, ഇമെയിലിലെ സ്പാം ഫിൽറ്റർ തുടങ്ങിയവയെല്ലാം അനിക്ക് ഉദാഹരണങ്ങളാണ്.

രണ്ടാമത്തെ കൂട്ടുകാരൻ: അനുഭവപരിജ്ഞാനമുള്ള "അജി" (General AI). അനി പോലെ ഒറ്റ കാര്യങ്ങളിൽ മാത്രമല്ല, പല കാര്യങ്ങളെ പറ്റി പഠിക്കാനും അതിൽ നിന്ന് അറിവ് ഉൾകൊണ്ട് അതിനനുസരിച്ചു പ്രവർത്തിക്കാനും കഴിവ് അജിക്കുണ്ട്. ലോകത്തെ കൂടുതൽ മനസ്സിലാക്കാനും പുതിയ പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും അജിക്ക് കഴിയും. ഇപ്പോൾ വികസന ഘട്ടത്തിലാണെങ്കിലും, ഭാവിയിൽ പ്രധാനപ്പെട്ട പല കാര്യങ്ങൾക്കും ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്.

മൂന്നാമത്തെ കൂട്ടുകാരൻ: സൂപ്പർ "അസി" (Super AI). എല്ലാ മേഖലകളിലും മനുഷ്യനെക്കാൾ കഴിവുള്ള യന്ത്രങ്ങൾ എന്ന സങ്കൽപ്പമാണ് അസി. സിനിമകളിൽ കാണുന്നതുപോലെ ലോകം ഭരിക്കുന്ന യന്ത്രങ്ങളെക്കുറിച്ചുള്ള കഥകൾ ഇതിനോട് ചേർത്ത് വായിക്കാറുണ്ട്. പക്ഷേ, ഇതൊക്കെ ഇപ്പോഴും സാഹിത്യവും സങ്കൽപ്പവുമാണ്. അസിയെപ്പോലെയുള്ള സൂപ്പർ യന്ത്രങ്ങൾ ഇപ്പോഴും അകലെയാണ്. എങ്കിലും, ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല.

AI യ്ക്ക് ഇപ്പോൾ നമ്മൾ കണ്ട പോലെ വ്യത്യസ്തങ്ങളായ രൂപങ്ങളുണ്ട്. അനിയും അജിയും അസിയും ഒരേ കഥയുടെ വ്യത്യസ്ത ഭാഗങ്ങൾ പോലെയാണ്. നമ്മുടെ ജീവിതം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ കൂടിയാണ് മനുഷ്യർ AI വികസിപ്പിക്കുന്നത്. നമ്മുടെ ചുറ്റുമുള്ള അനവധി മേഖലകളിൽ വളരെ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ AI യെ കൊണ്ട് സാധിച്ചിട്ടുണ്ട് , വരുംകാലങ്ങളിൽ കൂടുതൽ മേഖലകളിൽ നമുക്ക് ഈ മാറ്റങ്ങൾ കാണാനാകും. അതുകൊണ്ട്, കഥകളിലെപ്പോലെ അപകടകാരികളായ യന്ത്രങ്ങളെക്കുറിച്ച് പേടിക്കേണ്ട ആവശ്യമില്ല. AIയെ മനസ്സിലാക്കാനും ഉത്തരവാദിത്തപൂർവ്വം ഉപയോഗിക്കാനും ശ്രമിക്കാം. കാരണം, ഭാവിയിൽ നമ്മുടെ കൂട്ടുകൂടാനും നമ്മുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു സുഹൃത്തായിരിക്കും AI.

ഇവിടെയാണ് മലയാള സിനിമയായ "ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25" ഇടപെടുന്നത്. ഈ സിനിമയിൽ, രോഗിയായ ഭാസ്കരൻ പൊതുവാളിനു കൂട്ടുകാരനും സഹായിയുമായി വരുന്ന ആൻഡ്രോയിഡ് റോബോട്ട് ആണ് കുഞ്ഞപ്പൻ. ഒറ്റനോട്ടത്തിൽ അനിക്ക് സമാനമായി തോന്നിയേക്കാം, കാരണം ഭാസ്കര പൊതുവാളിന്റെ ദൈനംദിന ജീവിതം എളുപ്പമാക്കുകയാണ് കുഞ്ഞപ്പന്റെ പ്രധാന ജോലി. പക്ഷേ, കുടുംബാംഗങ്ങളെ പരിപാലിക്കാനും വൈകാരികമായ പിന്തുണ നൽകാനും വരെ കഴിവുള്ള ഒരു വിശ്വസ്ത സുഹൃത്തായി മാറുകയാണ് കുഞ്ഞപ്പൻ.

"ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25" നമ്മെ കാണിക്കുന്നത് AIയുടെ മറ്റൊരു വശമാണ്. ഭാവിയിൽ, നമ്മുടെ ഭാവന മനസ്സിലാക്കാനും നമുക്ക് ആശ്വാസവും സന്തോഷവും നൽകാനും പ്രാപ്തിയുള്ള AI സുഹൃത്തുക്കളെ സ്വപ്നം കാണാം. അതായത്, കഥയിലെ അനിയെ പോലെ കാര്യങ്ങൾ ചെയ്തുതരുന്ന സഹായികൾ മുതൽ കുഞ്ഞപ്പനെ പോലെ വൈകാരിക പിന്തുണ നൽകുന്ന സുഹൃത്തുക്കൾ വരെയാകാം ഭാവിയിലെ AI.

അതിനാൽ, ഇനിമുതൽ നിങ്ങൾ AIയെ കാണുമ്പോൾ, സിനിമകളിലെ ഭീമാകാരമായ റോബോട്ടുകളെ ഓർക്കാതിരിക്കൂ. മുകളിൽ പറഞ്ഞ കഥയിലെ മൂന്ന് കൂട്ടുകാരെയും, നമ്മുടെ ജീവിതം എളുപ്പമാക്കാനും മെച്ചപ്പെടുത്താനും ശ്രമിക്കുന്ന ചെറിയ സഹായികളെ ഓർക്കുക. എന്തെന്നാൽ, ഭാവിയിലെ ഒരു നല്ല സുഹൃത്തിന്റെ രൂപമാണ് AI!

"ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25" പോലെയുള്ള സിനിമകൾ AIയുടെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്ന സങ്കൽപ്പങ്ങൾ മാത്രമല്ല, നമ്മോട് ചിരിച്ചും കരഞ്ഞും സന്തോഷം പങ്കുവെച്ചും ഒരുമിച്ച് വളരുന്ന സുഹൃത്തുക്കളായേക്കാം ഭാവിയിലെ AI യന്ത്രങ്ങൾ.

എന്നാൽ, ഉത്തരവാദിത്തത്തോടെയും ധാർമ്മികതയോടെയും ഉപയോഗിക്കണം എന്ന കാര്യം നമ്മൾ ഒരിക്കലും മറക്കരുത്. AI നമ്മുടെ സുഹൃത്തും സഹായിയും ആകണം, അല്ലാതെ ഭീഷണിയല്ല. അതിനാൽ, AIയെക്കുറിച്ച് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കാം. കാരണം, നമ്മുടെ ഭാവിയിൽ AI വലിയ പങ്ക് വഹിക്കാൻ പോകുകയാണ്.

ഇന്ന് നിങ്ങൾ AIയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? അതിന്റെ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയാണെന്ന് നിങ്ങൾ കരുതുന്നു?